സംസ്ഥാനത്ത് കായിക മേഖലയിൽ മത്സരത്തിനും പരിശീലനത്തിനും മറ്റും നിയന്ത്രണം ഏർപ്പെടുത്തി കായികവകുപ്പ്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് നടപടി. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഔട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്നാണ് നിർദ്ദേശം. കായിക പരിശീലനവും മറ്റു സെലക്ഷൻ ട്രയൽസും നടത്തരുതെന്നും അറിയിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് നിയന്ത്രണമെന്ന് വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു കടുത്ത ചൂട് തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, തൃശൂർ, കോഴിക്കോട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, കാസർക്കോട്, മലപ്പുറം ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്
Regulation of sports competitions; No training and selection trials from 10 am to 4 pm